ശുബ്ക്കോനോ – വലിയോരായുധമാം വലിയ നോമ്പിന്‍റെ ആരംഭം

 ഇനിയുള്ള 50 ദിവസങ്ങൾ വലിയ ഒരു യാത്രയാണ്. ഇന്ന് മുതൽ ആ യാത്ര തുടങ്ങുകയാണ്… ശരീരവും മനസും ശുദ്ധീകരിച്ച് കാൽവറിപ്പാതയിലൂടെ ഉയർപ്പിലേക്കുള്ള യാത്രയാണ് വലിയ നോമ്പ്. യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നമ്മുടെ മനസുകളിൽ മാനസാന്തരത്തിന്റെ അനുഭവങ്ങൾ ആയിരിക്കണം. നാൽപതു ദിവസം ഉപവസിച്ച് സാത്താനെ ജയിച്ച് പരസ്യ ശുശ്രൂഷകളിൽ കൂടി ജനങ്ങളോടൊപ്പ് ജീവിച്ച് കാൽവറിയിലേക്ക് ക്രൂശെടുത്ത് നടന്ന് നമുക്കായി യാഗമായി തീർന്ന ദൈവപുത്രന്റെ ബലിയിലും ഉയർത്തെഴുന്നേൽപ്പിലും പങ്കാളികൾ ആകാൻ വലിയ നോമ്പിൽ കൂടി നമുക്ക് കഴിയണം. വർഷങ്ങളായി ക്രൂശിൽ തറയ്ക്കപ്പെട്ട ക്രിസ്തു മാത്രമാണോ നമ്മുടെ ഹൃദയങ്ങളിൽ ഉള്ളത്? ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള ചിന്തകൾ കൂടി ഈ നോമ്പുകാലയളവിൽ നമുക്ക് ഉണ്ടാവണം.

ജീവിതത്തെ ഒരു യാത്രയായി വിശേഷിപ്പികാറുണ്ട്. ഒരിടത്തു ജനനം ഒരിടത്ത് മരണം. പക്ഷെ സുഗമയ ഒരു വഴി യാത്രക്കാവശ്യം ആണ്. യേശു തന്റെ പരസ്യ ജീവിത കാലത്ത് അരുളി ചെയ്തു: “ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു. എന്നില്‍ വിസ്വസിക്കുന്നവാന്‍ മരിച്ചാലും ജീവിക്കും.” വഴി അറിയാതെ സഞ്ചരിക്കുമ്പോള്‍ – പലപ്പോഴും വഴി തെറ്റി പോകുന്നു. അപ്രതീക്ഷിതങ്ങളായ സംഭവങ്ങള്‍ ഉണ്ടാകുന്നു. പലപ്പോഴും പ്രലോഭനങ്ങളില്‍ അകപ്പെടുന്നു. യാത്രയുടെ ഗതിയും ലക്ഷ്യവും മാറുന്നു. മനസ്സില് ആകുലതകള്‍ കൂട് കെട്ടുന്നു. നോമ്പ് കാലം ആകുലതകളെ അതിജീവിക്കാന്‍ സഹായിക്കുന്നു.

ആധ്യാത്മിക ജീവിതത്തിന്റെ അടിസ്ഥാന ശിലകള്‍ ആയി വേണം നോമ്പ്, ഉപവാസം എന്നിവയെ കാണാന്‍. ഇവ ആത്മശുദ്ധീകരണതിനുള്ള അവസരങ്ങളാണ്. അതുകൊണ്ട് തന്നെ ആണ് നമ്മുടെ ക്രൈസ്തവ പാരമ്പര്യങ്ങളില്‍ നോമ്പിനും ഉപവാസതിനും സമുന്നത സ്ഥാനം നല്‍കിയിട്ടുള്ളത്‌. യേശു തമ്പുരാന്‍ തന്‍റെ പരസ്യ ശുശ്രുഷ ആരംഭിക്കുന്നതിനു മുന്‍പ്‌ നാല്‍പത്‌ നാള്‍ ഉപവസിച്ചതായി വി. വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. “പ്രാര്‍ത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി നീങ്ങി പോകുന്നില്ല” (വി.മത്തായി 17:21). പിശാചിനോടുള്ള പോരാട്ടത്തെ ആണ് ഇവിടെ സൂചിപ്പിക്കുന്നത്.

പലപ്പോഴും നാം നോമ്പ് ഒരു അനുഷ്ഠാനം മാത്രമായി കാണുകയും സഭയുടെ നിയമം എന്ന കണ്ണിലൂടെ ഒരു ആചാരം എന്ന രീതിയില്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. അത് ശരിയല്ല. സ്വയം ശുദ്ധീകരിക്കാതെ, മറ്റുള്ളവരെ നൊമ്പരങ്ങളെ കണക്കാക്കാതെ എടുക്കുന്ന നോമ്പ് പാപം തന്നെയാണ്. അത് ദൈവതിരുമുന്പാകെ സ്വീകരിക്കപ്പെടുകയില്ല.

സുറിയാനി സഭയിൽ നോമ്പ് തുടങ്ങുന്നത്  ശുബ്ക്കോനോ ശുശ്രൂഷയോടുകൂടിയാണ്. ശുബ്ക്കോനോ എന്നതിന് reconciliation എന്നാണ് അർത്ഥം. നിരപ്പിന്റെയും അനുരഞ്ജനത്തിന്റെയും ശുശ്രൂഷയാണ് ശുബ്ക്കോനോ. എല്ലാം തെറ്റുകളും ഏറ്റുപറഞ്ഞ് പരസ്പരം ക്ഷമിക്കുന്ന അനുരഞ്ജനത്തിന്റെ മാർഗമാണ് ശുബ്ക്കോനോ ശുശ്രൂഷ. പുരോഹിതർ തങ്ങളോട് ക്ഷമിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിനയത്തോടെ മുട്ടുകുത്തുന്നു. ജനങ്ങൾ അവരോട് ക്ഷമിക്കുന്നതായി പ്രഖ്യാപിക്കുന്നു. കൂടാതെ പരസ്പരം അനുരഞ്ജനപ്പെട്ടുകൊണ്ട് സ്മാധാനം നലകി (കൈകൾ പരസ്പരം നൽകി) ശുബക്കോനോ ശുശ്രൂഷകൾ അവസാനിക്കുന്നു. സ്നേഹവും ക്ഷമയും കരുണയും ഒക്കെ ഈ ശുശ്രൂഷയിൽ ഉൾപ്പെട്ടിരിക്കൂന്നു.

എന്താണ് യഥാര്‍ത്ഥ നോമ്പ് 

“നിങ്ങള്‍ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാര്‍ത്ഥന ഉയരത്തില്‍ കേള്‍പ്പാന്‍ തക്കവണ്ണമല്ല നിങ്ങള്‍ ഇന്നു നോമ്പു നോല്ക്കുന്നതു. എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേര്‍ പറയുന്നതു? അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകര്‍ക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്‍ക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?” (എശായാ 58: 4-7).

വി.മത്തായിയുടെ സുവിശേഷം 6) അദ്ധ്യായം 16,17 ) വാക്യത്തിൽ യേശു ഇങ്ങനെ പറയുന്നു ,ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക.

നമ്മുടെ ഉപവാസം എങ്ങിനെ ആയിരിക്കണം ?

യെശയ്യാ പ്രവാചകന്റെ പുസ്തകം 5 )൦ അദ്ധ്യായം 6 ഉം 7 ഉം വാക്യങ്ങളിൽ ഉപവാസവും നോമ്പും എങ്ങനെയുള്ളത് ആയിരിക്കണമെന്ന് പറയുന്നു. അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർ‍ക്കുക; വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുക, അലഞ്ഞുനടക്കുന്ന സാധുക്കളെ വീട്ടിൽ ചേർത്തുകൊള്ളുക, നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുക, നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർ‍ക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുക. ഇങ്ങനെയുള്ള ഉപവാസവും നോമ്പും ആണോ നമ്മൾ അനുഷ്ഠിക്കുന്നത് എന്ന് സ്വയം ചിന്തിക്കുക.

ഇങ്ങനെയുള്ള ഉപവാസവും നോമ്പും കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാം.?

നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും. നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; (യെശയ്യ 58:8-9)

നോമ്പും ഉപവാസവും ഒക്കെ മനുഷ്യന്റെ മുന്നിൽ വെറും ഒരു പ്രകടനമാക്കുകയും സഹോദരനെ തോൽപ്പിക്കാനും വിദ്വേഷം വളർത്താനുമായി ഉപവാസയജ്ജവും ഒക്കെ തെരുവിൽ നടത്തുന്നവർക്ക് പ്രവാചകൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിങ്ങൾ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർ‍ത്ഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നതു. (യെശയ്യ 58 :4)

വിവാദത്തിനും കലഹത്തിനും വേണ്ടിയാണോ അതോ വലത്തു ഭാഗത്തുള്ളവർക്ക് നൽകുന്ന വാഗ്ദത്തം ലഭിക്കുന്നതിനു വേണ്ടിയാണോ നമ്മൾ നോമ്പും ഉപവാസവും നോക്കുന്നത് എന്ന് സ്വയം ശോധന ചെയ്യണം.. നോമ്പിന്റെ ആദ്യ ദിവസം തന്നെ നമ്മുടെ ഉപവാസവും നോമ്പും എങ്ങനെയുള്ളതായിരിക്കണമെന്ന് തീരുമാനം എടുക്കണം. രാജാവ് വലത്തു ഭാഗത്തുള്ളവർക്ക് നൽകുന്ന വാഗ്ദത്തം ലഭിക്കുന്നതിനു വേണ്ടിയാകട്ടെ നമ്മുടെ ഉപവാസവും നോമ്പും എന്ന് പ്രാർത്ഥിക്കുന്നു. വലിയ നോമ്പിലേക്ക് കടക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക! അത് സഹോദരങ്ങളോടുള്ള നിരപ്പ് ആകുന്നു …! സ്വന്തം സഹോദരനോട് മനസ്സില്‍ പിണക്കം വെച്ചുകൊണ്ട് നോമ്പ് നോക്കിയിട്ട് എന്ത് പ്രയോജനം? അതിനാല്‍ ആദ്യം സഹോദരങ്ങളോട് നിരപ്പാവുക ! പിന്നീട് നോമ്പ് നോക്കുക! സ്വര്‍ഗം നിന്നില്‍ സന്തോഷിക്കുമാറാകട്ടെ !!!

Shares
error: Thank you for visiting : www.ovsonline.in