പ്രതിസന്ധികളിൽ കൈത്താങ്ങായി, സംസ്കാരത്തെ ചേർത്തിണക്കി

കോട്ടയം ∙ സൂനാമിയോ ചിക്കുൻഗുനിയയോ സ്ത്രീകൾക്കു നേരെയുള്ള അതിക്രമമോ എന്തുമാകട്ടെ, സമൂഹം നേരിടുന്ന ഏതു പ്രശ്നമായാലും ക്രിയാത്മകമായി ഇടപെടുന്നതിനു മുൻപിൽ നിന്നയാളാണു തോമസ് മാർ അത്തനാസിയോസ്. ഡൽഹിയിൽ 2012–ൽ നടന്ന കൂട്ട ബലാൽസംഗം അദ്ദേഹത്തെയും ദുഃഖിതനാക്കി. രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്ന സമയം. തനിക്കു സാധിക്കുന്ന വിധത്തിൽ ഇത്തരം പ്രശ്നങ്ങളെ നേരിടാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതു തടയാനും അദ്ദേഹം ശ്രമം ആരംഭിച്ചു.

‘അഭിമാനിയായ ഭാരതീയൻ എന്ന നിലയിൽ സംസ്കാരത്തിന് അനുസൃതമായ വിധത്തിൽ എല്ലാ സ്ത്രീകളോടും പെൺകുട്ടികളോടും മാന്യമായി വർത്തിക്കും… വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ചിന്തകൊണ്ടും സ്ത്രീകളെ ആദരിക്കും.’–ഡൽഹി സംഭവത്തിനുശേഷം തിരുമേനി എഴുതിയുണ്ടാക്കിയ പ്രതിജ്ഞയുടെ ആദ്യവാചകങ്ങളാണിത്. തൊട്ടടുത്ത ഞായറാഴ്ച കുർബാനയ്ക്കുശേഷം എല്ലാ പുരുഷൻമാരും യുവാക്കളും കരങ്ങൾ നീട്ടിപ്പിടിച്ച് ഇൗ പ്രതിജ്ഞ ചൊല്ലണമെന്ന കൽപനയും എല്ലാ ഇടവകകളിലേക്കും നൽകി.

ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. തോമസ് മാർ അത്താനാസിയോസ് കാലം ചെയ്തു. കബറടക്കം ഞായറാഴ്ച്ച >>

ഗുജറാത്തിനെ പിടിച്ചുകുലുക്കിയ ഭൂകമ്പമുണ്ടായപ്പോഴും കേരള തീരത്തു സൂനാമി ദുരന്തം വിതറിയപ്പോഴും ദുരിതബാധിത പ്രദേശങ്ങളിലേക്കു സഹായവുമായി തോമസ് മാർ അത്തനാസിയോസ് കടന്നുചെന്നു. ചിക്കുൻഗുനിയയുടെ ആക്രമണത്തിൽ സംസ്ഥാനം പകച്ചുനിന്നപ്പോൾ ഫലപ്രദമായ ആയുർവേദ മരുന്ന് ഗുജറാത്തിൽനിന്നു കൊണ്ടുവന്നു സൗജന്യമായി വിതരണം ചെയ്യാനും മെത്രാപ്പൊലീത്താ മുൻപിൽ നിന്നു.

ഭാരത സംസ്കാരം ജീവിതത്തിൽ പകർത്തിയ രാജ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം. ദേവാലയങ്ങളുടെ നിർമാണത്തിൽ ഭാരതസംസ്കാരത്തിന്റെ പ്രതിബിംബങ്ങളെ അദ്ദേഹം ചേർത്തിണക്കാൻ ശ്രദ്ധിച്ചു. കൊടിമരങ്ങളും കൽപടവുകളും കൽവിളക്കുമെല്ലാം ഇതിനു തെളിവ്. ഭദ്രാസന വളപ്പിലെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ കാണുന്ന ഏകത തിരുമേനിയുടെ വാസ്തുശിൽപകലയിലുള്ള താൽപര്യവും രാജ്യസംസ്കാരത്തോടുള്ള സ്നേഹവും വ്യക്തമാക്കുന്നു.

പ്രകൃതിയെയും മണ്ണിനെയും എന്നും സ്നേഹിച്ചിരുന്നു. കാർഷിക വിളകൾ നട്ടുപരിപാലിക്കാനും അതിനു പ്രോൽസാഹനം നൽകാനും എന്നും ശ്രദ്ധിച്ചു. വെള്ളക്കുഴിയായിരുന്ന ബഥേൽ അരമനയുടെ പരിസരം പ്രകൃതിരമണീയത തുളുമ്പുന്ന കൃഷിയിടമാക്കി മാറ്റിയതു തന്നെ ഇതിനു തെളിവ്.

Shares
error: Thank you for visiting : www.ovsonline.in